മരണത്തിലും പിരിയാതെ… പ്രതിശ്രുത വരന്റെ വേർപാടിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാസർകോട്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് (24) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

നാലുമാസം മുമ്പാണ് പ്രഫുല്ലയും മണിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. എന്നാൽ ഒരു മാസം മുമ്പ് തമിഴ്‌നാട്ടിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മണിക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരണത്തിന് കീഴടങ്ങിയത്. മണിയുടെ മരണവാർത്ത അറിഞ്ഞത് മുതൽ പ്രഫുല്ല വലിയ മനോവിഷമത്തിലായിരുന്നു. വീട്ടുകാർ മറ്റൊരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രഫുല്ല ഹാളിലെ ഫാനിൽ തൂങ്ങിയത്.

സംഭവസ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെ തന്റെ മൃതദേഹവും സംസ്കരിക്കണമെന്നാണ് പ്രഫുല്ല കുറിപ്പിൽ അവസാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Related Articles

Back to top button