ഐപിഎസ് ഓഫീസറുടെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ…

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രഞ്ജൻ റേയുടെ ഭാര്യ തനൂജയെ (55) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കവർച്ചാശ്രമത്തിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ തനൂജ കൊല്ലപ്പെട്ടത്. വീടിന്റെ ഒന്നാം നിലയിലാണ് തനൂജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് ഇവരുടെ മക്കൾ വീടിന്റെ മുകളിലത്തെ നിലയിൽ ഉറക്കത്തിലായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രശാസൻ നഗറിലാണ് സംഭവം. ആന്ധ്ര കേഡറിലെ ഐപിഎസ് ഓഫീസറായിരുന്നു വിനയ് രഞ്ജൻ 2019ൽ ജയിൽ ഡിജിപി ആയിട്ടാണ് വിരമിച്ചത്.
പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് കരുതുന്നു. വീട്ടിലെ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ എത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണിതെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ അറിയിച്ചു. കവർച്ചാ സംഘം തനൂജയെ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തു. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. രാവിലെ ഒൻപത് മണിയായിട്ടും അമ്മയെ കാണാതിരുന്നതോടെയാണ് മകൾ വന്നുനോക്കിയത്. മുകളിലെത്തെ മുറിയിലായിരുന്ന മകൾ അതുവരെ ഒന്നും അറിഞ്ഞിരുന്നില്ല.



