വനിതകൾക്ക് സൗജന്യ യാത്ര…. കെഎസ്ആർടിസിയിൽ ‘ജെൻഡർ ടിക്കറ്റിംഗ്’….

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്ന ഇന്ദിര ഗ്യാരണ്ടി പദ്ധതിയുടെ പ്രാഥമിക നടപടികൾക്ക് കെഎസ്ആർടിസി തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കൃത്യമായ കണക്കെടുക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
നാളെ മുതൽ കണ്ടക്ടർമാർ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ (ETM) പ്രത്യേകം രേഖപ്പെടുത്തണം. ടിക്കറ്റിംഗ് മെഷീനിലെ ഈ പുതിയ സാങ്കേതിക മാറ്റങ്ങൾ കൈകാര്യം ചെയ്യാൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഇതിന് യൂണിറ്റ് ഓഫീസർമാർ മേൽനോട്ടം വഹിക്കും. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ഏകദേശം 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ യാത്രാ വിവരങ്ങളാണ് ശേഖരിക്കുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് കൃത്യമായി കണക്കാക്കാനാണ് ഈ നീക്കം.
യുഡിഎഫ് സർക്കാർ അധികാരമേറ്റാലുടൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പ്രധാന ഗ്യാരണ്ടികളിലൊന്നാണ് വനിതകൾക്കായുള്ള സൗജന്യ ബസ് യാത്ര. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായുള്ള നിർണ്ണായക ചുവടുവെപ്പായാണ് ജെൻഡർ ടിക്കറ്റിംഗ് സംവിധാനത്തെ വിലയിരുത്തുന്നത്.




