ദളപതിക്കൊപ്പം ചുവപ്പുകോട്ട…. വിജയ്‌ക്ക് പിന്തുണയുമായി സിപിഐഎമ്മും സിപിഐയും…. നിർണ്ണായക പ്രഖ്യാപനം ഉടൻ

തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്ന കാര്യത്തിൽ ഇടത് പാർട്ടികൾക്കിടയിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ. വിജയ് നേരത്തെ തന്നെ ഇടത് നേതാക്കളുമായി ചർച്ച നടത്തി പിന്തുണ തേടിയിരുന്നു. സിപിഐഎം, സിപിഐ തമിഴ്നാട് ഘടകങ്ങൾ ഇന്ന് വൈകിട്ട് തന്നെ വിജയ്‌ക്കുള്ള പിന്തുണ സംബന്ധിച്ച നിലപാട് വ്യക്തമാക്കും. ഉചിതമായ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കാലതാമസം വരുത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. ജനവിധി അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാൻ വിജയ് ഇന്ന് വൈകിട്ട് 4:30-ന് മൂന്നാം തവണയും ഗവർണറെ കാണും. ലോക്ഭവനിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഡിഎംകെ, എഡിഎംകെ മുന്നണികളെ മാറിമാറി പിന്തുണയ്ക്കാറുള്ള ഇടത് പാർട്ടികൾ ഇത്തവണ വിജയ്‌യുടെ പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊപ്പം നിൽക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും. തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഇടത് പാർട്ടികളുടെ പിന്തുണ വിജയ്‌ക്ക് നിർണ്ണായകമാകും.



