ബി.ജെ.പി കരിങ്കൊടി പ്രതിഷേധം അവിടെയിരിക്കട്ടെ… കായംകുളത്ത് ഇനി പോലീസ് എസ്കോർട്ട് വേണ്ട… സുരക്ഷ ഒഴിവാക്കണമെന്ന് മന്ത്രി എം.ലിജു…

കായംകുളം: മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികൾക്ക് പോലീസ് സുരക്ഷയും എസ്കോർട്ടും പൈലറ്റ് വാഹനവും വേണ്ടെന്ന് എക്സൈസ് മന്ത്രി എം. ലിജു. കായംകുളത്ത് നടക്കുന്ന പരിപാടികൾക്ക് പ്രത്യേക പോലീസ് സുരക്ഷയുടെ ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലത്തുണ്ടായിരുന്ന കായംകുളം ഡിവൈഎസ്പിയോട് മന്ത്രി നേരിട്ട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.

അടുത്ത ദിവസങ്ങളിൽ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രിക്കെതിരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഒരേ ദിവസം മൂന്ന് തവണ വരെ പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ മന്ത്രിയുടെ പോലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.

എന്നാൽ സുരക്ഷ ഒഴിവാക്കണമെന്ന മന്ത്രിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്ന് നിലവിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയേക്കും. അതേസമയം, മന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് ഡി.ജി.പി തലത്തിലുള്ള ഉദ്യോഗസ്ഥർ അദ്ദേഹവുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നാണ് വിവരം.

Related Articles

Back to top button