“നയിച്ചവനെ നയിക്കാൻ അനുവദിക്കണം”….. സതീശനായി തെരുവിൽ അണികൾ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഔദ്യോഗിക ചർച്ചകൾ പുരോഗമിക്കവെ, വി.ഡി. സതീശനായി വാദിച്ച് അണികൾ പരസ്യ പ്രകടനങ്ങളുമായി രംഗത്ത്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളും സജീവമായി നിലനിൽക്കുന്നതിനിടെയാണ് സതീശൻ അനുകൂലികളുടെ ഈ നീക്കം. “നയിച്ചവനെ നയിക്കാൻ അനുവദിക്കില്ല എങ്കിൽ വീട് കയറി വോട്ട് ചോദിച്ച നമുക്കും ചിലത് ചെയ്യാനുണ്ട്” എന്ന കടുത്ത സന്ദേശവുമായാണ് കണ്ണൂർ ഇരിട്ടിയിൽ ഇന്ന് വൈകുന്നേരം പ്രകടനം നടക്കുന്നത്. ‘പേരാവൂർ കോൺഗ്രസുകാർ’ എന്ന പേരിലാണ് ഈ ആഹ്വാനം പ്രചരിക്കുന്നത്.
കഴിഞ്ഞദിവസം എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തയ്യാറാകണമെന്ന് മുൻ പഞ്ചായത്തംഗം അടക്കമുള്ളവർ ആവശ്യപ്പെട്ടു. കോട്ടയം പ്രസ് ക്ലബ്ബിന് മുന്നിൽ സതീശനെ പിന്തുണച്ച് ഫ്ലക്സ് ഉയർന്നു. “വി.ഡി. നിലപാടുകളുടെ രാജകുമാരൻ” എന്ന അടിക്കുറിപ്പോടെയുള്ള ബോർഡ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത്. തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ച വി.ഡി. സതീശന് തന്നെ പദവി നൽകണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ, മുതിർന്ന നേതാക്കളുടെ അവകാശവാദങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡിന് മുന്നിലുണ്ട്. നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിനിടെ പുറത്ത് നടക്കുന്ന ഈ പരസ്യ പ്രകടനങ്ങൾ ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. അണികളുടെ വികാരം തെരുവിലേക്ക് പടരുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മറ്റ് ഘടകകക്ഷികൾ.



