ഷട്ടറിന് പകരം ഗ്ലാസ് വിൻഡോ…. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ചു…. സൂപ്പർ ഫാസ്റ്റ് സർവീസ് മുടങ്ങി

കൊച്ചിയിൽ ഷട്ടർ ഘടിപ്പിച്ച ബസിന് പകരം ഗ്ലാസ് വിൻഡോ ബസ് നൽകിയതിൽ പ്രതിഷേധിച്ച് കെ‌എസ്ആർടിസി ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. ഇതോടെ പാലക്കാട്ടേക്ക് പോകേണ്ട സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ സർവീസ് മുടങ്ങി. സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി ശുപാർശ ചെയ്തതായി അധികൃതർ വിശദമാക്കി. കോതമംഗലം ഡിപ്പോയിൽ നിന്ന് രാവിലെ 6.50-ന് പുറപ്പെടേണ്ട പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസിന്റെ സർവീസാണ് മുടങ്ങിയത്. സ്ഥിരമായി ഷട്ടർ ഘടിപ്പിച്ച ബസിലാണ് ഡ്രൈവർ സർവീസ് നടത്തിയിരുന്നത്. പകരം ഗ്ലാസ് വിൻഡോ ബസ് അനുവദിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ചതോടെ കണ്ടക്ടറുടെ ഡ്യൂട്ടിയും തടസ്സപ്പെട്ടു.

പുതുതായി നിരത്തിലിറക്കുന്ന ബസുകളിലൊക്കെയും ഗ്ലാസ് വിൻഡോകളാണുള്ളതെന്നും ഷട്ടർ സംവിധാനം പഴയ ബസുകളിലേ ഉള്ളുവെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർമാരുടെ ഡ്യൂട്ടി ചുമതലയുള്ള വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ട് എടിഒ മുഖേന മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, സംഭവം വിവാദമായതോടെ അസുഖം മൂലമാണ് പോയതെന്ന് ചൂണ്ടിക്കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റോട് കൂടി ഡ്രൈവർ ഡിപ്പോ അധികൃതർക്ക് ഇ-മെയിൽ അയച്ചതായും വിവരമുണ്ട്.

Related Articles

Back to top button