നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു….യൂട്യൂബര്‍ക്കെതിരെ കേസ്…

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുത്ത് പമ്പ പൊലീസ്. സംഭവത്തില്‍ അന്വേഷണം നടത്തും. കേസെടുത്തതിന് പിന്നാലെ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കി. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് പമ്പാ പൊലീസ് കേസെടുത്തത്. ശബരിമലയില്‍ നിന്നുള്ള വീഡിയോകള്‍ പതിവായി എടുക്കാറുള്ള യുട്യൂബറാണ് വീഡിയോ അപ്ലോഡ് ചെയ്തത്.
‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 24നായിരുന്നു അപ്‌ലോഡ് ചെയ്തത്. ശബരിമല നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ മുകളിലേക്ക് പോകാന്‍ ആര്‍ക്കും അനുവാദം ഇല്ലെന്നിരിക്കെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇയാള്‍ എങ്ങനെ കടന്നുവെന്ന് അന്വേഷിക്കും.



