നിയ ഫൈസൽ പേ വിഷബാധയേറ്റ് മരിച്ച സംഭവം…. ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊല്ലം: പുനലൂരിൽ നായ കടിയേറ്റ എട്ടുവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയുടെ മാതാവ് ഹബീറയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
നായ കടിയേറ്റ നിയ ഫൈസൽ എന്ന എട്ടുവയസ്സുകാരിയെയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് മാതാവിന്റെ പരാതി. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള നാല് ഡോക്ടർമാരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന മാതാവിന്റെ സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദ്ദേശമുണ്ടായത്. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് ഹബീറ നേരത്തെ പരസ്യമായി തുറന്നുപറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹബീറയുടെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



