ആലപ്പുഴയിൽ ബിഹാർ സ്വദേശിനി സൈക്കിളിൽ നിന്ന് വീണുമരിച്ചു

ആലപ്പുഴ: സൈക്കിളിൽ നിന്ന് വീണ് അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി സൈറ ഹാത്തൂൻ (30) ആണ് മരിച്ചത്. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ഭർത്താവ് ലഡു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

പറക്കമുറ്റാത്ത ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെൺ കുഞ്ഞുങ്ങളും പിതാവും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ കാത്തിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം എന്നാണ് ഇവരുടെ ആഗ്രഹം. ആറു വർഷത്തോളമായി കുടുംബം കേരളത്തിലുണ്ട്.

ഇന്നലെ രാത്രിയാണ് മാന്നാറിൽ വെച്ച് സൈറ അപകടത്തിൽപെട്ടത്. ലഡുവും ഇളയകുഞ്ഞും സൈറയും സൈക്കിളിൽ പച്ചക്കറി വാങ്ങാനായി പോകുമ്പോൾ ഇളയ കുഞ്ഞ് വീഴുകയും രക്ഷിക്കാനായി ശ്രമിക്കവെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു. തുടർന്നായിരുന്നു മരണം. പണമില്ലാത്തതിനാൽ കുട്ടികൾക്ക് ഭക്ഷണം പോലും വാങ്ങിക്കൊടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ് ലഡു. മാന്നാറിലെ ചെന്നിത്തലയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. കമ്പനിയിലെ ഉടമയെ സഹായത്തിനായി വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും ലഡു കരഞ്ഞുകൊണ്ട് പറഞ്ഞു.

Related Articles

Back to top button