നാട് പാമ്പ് ഭീതിയിൽ… കിണറ്റിലെ കയറിൽ ശംഖുവരയൻ…. പാലായിൽ രണ്ട് പേർക്ക് കടിയേറ്റു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം രൂക്ഷമാകുന്നു. കോഴിക്കോട് കാരശ്ശേരിയിൽ കിണറ്റിലെ കയറിൽ ശംഖുവരയനെ കണ്ടെത്തിയപ്പോൾ, പാലായിൽ രണ്ട് വീട്ടമ്മമാർക്ക് പാമ്പ് കടിയേറ്റു. കണ്ണൂരിലും ജനവാസ മേഖലയിൽ നിന്നും മൂർഖനെ പിടികൂടി.

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ വീട്ടമ്മയുടെ കയ്യിൽ എന്തോ തടയുകയായിരുന്നു. നോക്കിയപ്പോഴാണ് കയറിൽ ചുറ്റിക്കിടക്കുന്ന ശംഖുവരയൻ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂ അംഗം ബാബു എള്ളങ്ങലിനെ വിവരമറിയിക്കുകയും അദ്ദേഹം എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു.

പാലാ രാമപുരത്ത് ഇന്നലെ രണ്ട് പേർക്കാണ് പാമ്പ് കടിയേറ്റത്. അനിത ബാബു (54)നെ
ഇന്നലെ രാത്രി വീട്ടുമുറ്റത്ത് വെച്ചാണ് അനിതയുടെ കാലിൽ പാമ്പ് കടിച്ചത്. ഇവരെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനിയമ്മ തോമസ് (74)യെ ഉച്ചയ്ക്ക് പറമ്പിൽ കള പറിക്കുന്നതിനിടെയാണ് ആനിയമ്മയുടെ കയ്യിൽ പാമ്പ് കടിച്ചത്. ഇവരും ചികിത്സയിലാണ്.
കണ്ണൂർ പയ്യന്നൂർ അരവഞ്ചാലിലെ അസൈനാരുടെ വീട്ടിലെ വിറകുപുരയിൽ നിന്നാണ് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടിയത്. സ്നേക്ക് റെസ്ക്യൂവർ എത്തി പാമ്പിനെ പിടികൂടി വനമേഖലയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: വേനൽ കടുക്കുന്നതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്കും കിണറുകളിലേക്കും എത്താൻ സാധ്യത കൂടുതലാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പാമ്പിനെ കണ്ടാൽ സ്വയം പിടിക്കാൻ ശ്രമിക്കാതെ അംഗീകൃത റെസ്‌ക്യൂവർമാരെ വിവരമറിയിക്കുക.)

Related Articles

Back to top button