കരുവാരക്കുണ്ട് മരണം… ടാപ്പിങ്ങിനിടെയല്ലെന്ന് ഡിഎഫ്ഒ… മരണത്തിൽ ദുരൂഹത ആരോപിച്ച് വനംവകുപ്പ്

മലപ്പുറം: കരുവാരക്കുണ്ടിൽ ടാപ്പിങ് തൊഴിലാളി ജംഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് വനംവകുപ്പ്. ടാപ്പിങ്ങിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന പ്രാഥമിക നിഗമനങ്ങളെ തള്ളിക്കൊണ്ട് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ രംഗത്തെത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.

മുള്ളറ സ്വദേശി ജംഷീറിന്റെ മരണത്തിൽ ആദ്യമുണ്ടായ റിപ്പോർട്ടുകളല്ല ഇപ്പോൾ പുറത്തുവരുന്നത്. ടാപ്പിങ് ജോലിക്കിടെയാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ, ടാപ്പിങ്ങിനിടെയല്ല മരണം സംഭവിച്ചതെന്നും സംഭവസമയത്ത് ജംഷീറിനൊപ്പം രണ്ടുപേർ കൂടി ഉണ്ടായിരുന്നുവെന്നും ഡിഎഫ്ഒ വ്യക്തമാക്കി. ഇവർ ആരെന്നതിനെക്കുറിച്ച് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്.

മരണം നടന്നത് വനത്തിനുള്ളിലാണോ അതോ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണോ എന്ന കാര്യത്തിൽ വനംവകുപ്പിന് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കാട്ടാനയുടെ ആക്രമണം നടന്നെന്ന സാധ്യത പൂർണ്ണമായും തള്ളിക്കളയുന്നില്ലെങ്കിലും സാഹചര്യ തെളിവുകൾ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. ജംഷീറിനൊപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് വനംവകുപ്പിന്റെ നീക്കം.

ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. വനംവകുപ്പിന്റെ പുതിയ വെളിപ്പെടുത്തലോടെ കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button