തെരുവുനായ ആക്രമണം തുടർക്കഥ… തൃശ്ശൂരിൽ നാല് വയസ്സുകാരന്റെ കവിൾ കടിച്ചു കീറി… കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. തൃശ്ശൂർ, കണ്ണൂർ ജില്ലകളിലായി നാല് കുട്ടികൾക്കാണ് നായയുടെ കടിയേറ്റത്. തൃശ്ശൂർ ദേശമംഗലത്ത് നാല് വയസ്സുകാരന് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ദേശമംഗലത്ത് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ ചാടിവീണ് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കവിൾ നായ കടിച്ചു കീറി. കൈയ്ക്കും ഗുരുതരമായി കടിയേറ്റിട്ടുണ്ട്. പാലക്കാട്‌-തൃശ്ശൂർ അതിർത്തിയിൽ നടന്ന ഈ സംഭവം പ്രദേശവാസികളെ വലിയ രീതിയിൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ വിളക്കോട്ടൂരിലാണ് രണ്ടാമത്തെ സംഭവം. ഇവിടെ മൂന്ന് വിദ്യാർത്ഥികൾക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവർക്കാണ് കടിയേറ്റത്. കുട്ടികളെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംസ്ഥാനത്ത് വേനൽ ചൂട് വർധിച്ചതോടെ തെരുവുനായ്ക്കൾ കൂടുതൽ അക്രമാസക്തരാകുന്നതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന പരാതി നാട്ടുകാർക്കിടയിൽ ശക്തമാണ്. സ്കൂൾ വിദ്യാർത്ഥികളും കൊച്ചു കുട്ടികളും പുറത്തിറങ്ങാൻ പോലും ഭയക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Related Articles

Back to top button