‘കയറുമായി മുറിയില്‍ കയറി, രക്ഷക്കണം സാറേ…’ 40 കാരന് ജീവനൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഫോൺ…. രക്ഷകരായി കൊട്ടാരക്കര പൊലീസ്

കൊട്ടാരക്കര: ജീവിതം അവസാനിപ്പിക്കാൻ മുറിയിൽ കയറി ഫാനിൽ തൂങ്ങിപ്പിടഞ്ഞ നാൽപ്പതുകാരന് കൊട്ടാരക്കര പോലീസ് കാവൽ മാലാഖമാരായി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ പോലീസ് നടത്തിയ കൃത്യമായ ഇടപെടലാണ് ഒരു ജീവൻ തിരികെ നൽകിയത്.
യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നെന്ന സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ച ഉടൻ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന എസ്ഐ പങ്കജ് കൃഷ്ണയും സിപിഒ കിരണും സ്ഥലത്തേക്ക് കുതിച്ചു. വീടിനുള്ളിലെ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒട്ടും വൈകാതെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയ പോലീസ് കണ്ടത് കഴുത്തിൽ കുരുക്കിട്ട് ഫാനിൽ തൂങ്ങിപ്പിടയുന്ന യുവാവിനെയാണ്. പോലീസുകാർ സെക്കന്റുകൾക്കുള്ളിൽ യുവാവിനെ മുകളിലേക്ക് ഉയർത്തിപ്പിടിച്ച് കഴുത്തിലെ കുരുക്ക് അഴിച്ചുമാറ്റി. തുടർന്ന് ഒട്ടും സമയം കളയാതെ പോലീസ് വാഹനത്തിൽ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. ജീവിതത്തിലെ പ്രതിസന്ധികൾ കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്ന് പോലീസ് വ്യക്തമാക്കി. കൃത്യസമയത്ത് സ്ഥലത്തെത്തി ധീരമായി ഇടപെട്ട എസ്ഐ പങ്കജ് കൃഷ്ണയെയും സിപിഒ കിരണിനെയും നാട്ടുകാരും ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



