കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി….

സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി ജെ പി. ദേശീയ ഗാനാലാപനം പൂർണ്ണമായി പാടുന്നതിനെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും തടയാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ അത് തുടരുകയായിരുന്നുവെന്ന് ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ അഭിപ്രായപ്പെട്ടു.
ദേശീയ ഗാനത്തെ അവഹേളിക്കുന്നതിനെതിരെ ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം നിലവിൽ വന്നതിന്റെ ഫലമാണ് കോൺഗ്രസ് ആസ്ഥാനത്ത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സാംസ്കാരികവും പാരമ്പര്യവുമായ മൂല്യങ്ങളോട് ഗാന്ധി കുടുംബവും കോൺഗ്രസും എക്കാലവും പുലർത്തുന്ന വിമുഖതയാണ് സ്വാതന്ത്ര്യദിനത്തിൽ പോലും പുറത്തുവന്നതെന്നും ബി ജെ പി വിമർശിച്ചു. ആദ്യ വരികൾക്ക് ശേഷം ആലാപനം അവസാനിപ്പിക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആംഗ്യം കാണിച്ചെങ്കിലും നിയമപരമായ പ്രത്യാഘാതങ്ങൾ ഭയന്നാണ് ഒടുവിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ അവർ തയ്യാറായതെന്നും അമിത് മാളവ്യ അഭിപ്രായപ്പെട്ടു.



