’51 വീട് നൽകി ലീഗ് വാക്ക് പാലിച്ചു, ലക്ഷ്യം 105 വീടുകൾ… കോൺഗ്രസിൻ്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചു പോയത്’… പി കെ കുഞ്ഞാലിക്കുട്ടി

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകളുടെ ഗൃഹപ്രവേശനം നടന്നു. തൃക്കൈപ്പറ്റയിൽ നിർമ്മിച്ച 51 വീടുകളാണ് ഇന്ന് കൈമാറിയത്. ചടങ്ങിനോടനുബന്ധിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ച മുസ്ലിം ലീഗ് അഖിന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കോൺഗ്രസിന്റെ പുനരധിവാസ പദ്ധതികൾ വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചതാണെന്ന് വിമർശിച്ചു.
സർക്കാർ ഭൂമി നൽകുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസും ലീഗും കാത്തിരുന്നത്. എന്നാൽ സർക്കാരിന്റെ പദ്ധതികൾ അനന്തമായി നീളുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്വന്തം നിലയിലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. കർണാടക സർക്കാർ വാഗ്ദാനം ചെയ്ത സഹായങ്ങൾ പോലും സർക്കാർ പദ്ധതിയിലേക്ക് നൽകിയിട്ടും അർഹമായ പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും വീട് നിർമ്മിച്ചു നൽകുക മാത്രമല്ല ലീഗ് ചെയ്തത്.
വീടിന് ആവശ്യമായ ഫർണിച്ചറുകൾ, ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. 105 വീടുകളാണ് ആകെ ലക്ഷ്യം. ബാക്കിയുള്ളവയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ജാതിമത ഭേദമന്യേയുള്ള ജീവകാരുണ്യ പ്രവർത്തനമാണ് പാർട്ടിയുടെ നയം. ടൗൺഷിപ്പ് പദ്ധതിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൗൺഹാളും അടക്കം കൂടുതൽ സൗകര്യങ്ങൾ അവിടെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുണ്ടക്കൈ ചൂരൽമല നിവാസികൾ പുതിയ ഭവനങ്ങളിൽ താമസം തുടങ്ങുന്ന ചടങ്ങിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. “സ്നേഹവും സാഹോദര്യവും കളിയാടിയിരുന്ന ആ മനോഹരനാട് തൃക്കൈപ്പറ്റയിൽ പുനർജനിക്കുകയാണ്. അവർക്ക് ഈ ഭവനങ്ങളിൽ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ സാധിക്കട്ടെ” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ കമ്മിറ്റിയുടെയും ആർക്കിടെക്റ്റുകളുടെയും കരാറുകാരുടെയും ആത്മാർത്ഥമായ പരിശ്രമമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും വീടുകൾ പൂർത്തിയാക്കാൻ സഹായിച്ചതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.



