ആലപ്പുഴക്കാരൻ റോജൻ പോളിന് ഇനി ആറ് മാസക്കാലം കൊച്ചിയിൽ പ്രവേശിക്കാനാവില്ല….

കൊച്ചി: കൊച്ചി സിറ്റി പരിധിയിൽ വിവിധ കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശിയെ ആറ് മാസത്തേക്ക് നാടുകടത്തി. കാപ്പ നിയമപ്രകാരമാണ് നടപടി. ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ എഴുപുന്ന ദേശത്ത് നീണ്ടകര കരയിൽ ജൂബിലി നഗറിൽ വളാന്തറ വീട്ടിൽ റോജൻ പോൾ (43)-നെയാണ് നാടുകടത്തിയത്. കൊച്ചി സിറ്റി പൊലീസ് പരിധിയിലെ കണ്ണമാലി, തോപ്പുംപടി, ഫോർട്ടുകൊച്ചി, പള്ളൂരുത്തി തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയാണ് റോജൻ പോൾ എന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ നാടുകടത്തിയത്. ആലപ്പുഴ സ്വദേശിയാണെങ്കിലും കൊച്ചിയിലാണ് പ്രതി ഏറെക്കാലമായി താമസിച്ചിരുന്നത്. നാടുകടത്തിയതോടെ ആറ് മാസക്കാലം കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും ഇവിടെ ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും റോജൻ പോളിന് വിലക്കുണ്ട്. ഈ ഉത്തരവ് ലംഘിച്ചാൽ മൂന്നുവർഷം വരെ നീളാവുന്ന തടവ് ശിക്ഷ ലഭിക്കും. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.




