കോഴിക്കോട് മെഡിക്കൽ കോളജ് സൈക്കാട്രി വിഭാഗത്തിലെ അദ്ധ്യാപകർക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടപരാതി..

കോഴിക്കോട് മെഡിക്കൽ കോളജ് സൈക്കാട്രി വിഭാഗത്തിലെ അധ്യാപകർക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടപരാതി. പിജി വിദ്യാർത്ഥികളെ അദ്ധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ അദ്ധ്യാപകരായ ഡോക്ടർ അനിതകുമാരി, ഡോക്ടർ സി.എ സ്മിത എന്നിവർക്കെതിരെയാണ് വിദ്യാർത്ഥികളൊന്നടങ്കം പരാതിയുമായി രംഗത്തെത്തിയത്. ഈ അദ്ധ്യാപകർ നിരന്തരം അവഹേളിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരാതിയിൽ പറയുന്നു.
ചെറിയ വീഴ്ചകളെ പർവതീകരിച്ച് രോഗികളുടെയും കൂട്ടിരിപ്പുകാരുടേയും ആശുപത്രി ജീവനക്കാരുടെയും മുമ്പിൽ വെച്ച് ശകാരിക്കുന്നെന്നും പ്രൊസീജ്യറിന്‍റെ ഭാഗമായുള്ള കാര്യങ്ങൾ ചെയ്താൽ പോലും അതംഗീകരിക്കാതെ വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നുവെന്നും വിദ്യാർഥികൾ പരാതിയിൽ ചൂണ്ടിക്കാട്ടി. തങ്ങൾക്കനുകൂലമായി നിലകൊണ്ടില്ലെങ്കിൽ മാർക്ക് കുറക്കും എന്നടക്കമുള്ള പരോക്ഷ ഭീഷണി ഉയർത്തിയതോടെ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ നേരിൽ കണ്ട് പരാതി പറയുകയായിരുന്നു.




