സ്ട്രാങ്ങ് റൂം വിവാദം…. ഫാത്തിമ തഹ്‌ലിയക്കെതിരെ യുഡിഎഫിൽ പടലപ്പിണക്കം… ഏകപക്ഷീയമായ തീരുമാനങ്ങൾ പാടില്ലെന്ന് ലീഗ് നേതൃത്വം

കോഴിക്കോട്: വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രാങ്ങ് റൂമുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ മുന്നണിയിൽ കടുത്ത അതൃപ്തി. ജെഡിറ്റിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രാങ്ങ് റൂമിന് സമീപത്തെ റിസർവ് റൂം തുറന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും മുന്നണിക്കുള്ളിലെ ഭിന്നതയ്ക്കും വഴിതെളിച്ചിരിക്കുന്നത്.റിസർവ് റൂം തുറന്നത് സ്ഥാനാർത്ഥികളോ ഏജന്റുമാരോ അറിയാതെയാണെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറും ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രതിഷേധിച്ചിരുന്നു. എന്നാൽ, മുറി തുറക്കുന്ന വിവരം വരണാധികാരി തന്നെ എട്ടു മണിക്ക് അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ പിന്നീട് വ്യക്തമാക്കിയതോടെ യുഡിഎഫ് നടത്തിയ പ്രതിഷേധം അപ്രസക്തമായി. നേതാക്കൾ പ്രതിഷേധം നയിക്കുമ്പോഴും തനിക്ക് ലഭിച്ച ഈ വിവരത്തെക്കുറിച്ച് തഹ്‌ലിയ മൗനം പാലിച്ചത് യുഡിഎഫ് നേതൃത്വത്തെ ചൊടിപ്പിച്ചു.സംഭവം വിവാദമായതോടെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഫാത്തിമ തഹ്‌ലിയക്ക് കർശന നിർദേശം നൽകി. വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ അതീവ ജാഗ്രത വേണ്ട കാര്യങ്ങളിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കരുത്. യുഡിഎഫ് ജില്ലാ ഘടകവുമായും പാർട്ടി നേതൃത്വവുമായും കൂടിയാലോചിച്ച് മാത്രമേ ഇനി മുന്നോട്ട് പോകാവൂ എന്ന് ലീഗ് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മുന്നണിയുടെ ഐക്യത്തെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകരുതെന്നും നേതൃത്വം താക്കീത് നൽകി.

Related Articles

Back to top button