വിസിമാരുടെ RSS പങ്കാളിത്തം… ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെ.എം. ഷാജി

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വിദ്യാഭ്യാസ മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും മൈക്ക് കാണുമ്പോൾ എപ്പോഴും പ്രതികരിക്കണമെന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകളോട് തനിക്ക് എതിർപ്പുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹയർ സെക്കണ്ടറി മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി കെ.എം. ഷാജി മറുപടി നൽകി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ വലുതാണെന്നും അത് ഉടൻ പരിഹാരം സാധ്യമാകുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വിസിമാരെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും വിസിമാർക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസ്സിനും നിരക്കാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് വലിയ ആദരവുണ്ട്. അത് കളഞ്ഞുകുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും സർക്കാർ അംഗീകരിക്കില്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.



