കുണ്ടറയിൽ ഉത്സവത്തിനിടെ വടിവാൾ വീശി യുവാവിന്റെ പരാക്രമം…. ഭക്തർക്ക് പരിക്ക്, ക്ഷേത്രം അടിച്ചുതകർത്തു

കൊല്ലം: കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വടിവാളുമായി യുവാവിന്റെ അഴിഞ്ഞാട്ടം. കുണ്ടറ സ്വദേശി അജോയ് അശോകനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ക്ഷേത്ര കമ്മിറ്റി ഓഫീസും മൈക്ക് സെറ്റും പ്രതികൾ അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം.
രണ്ട് മാസം മുൻപ് അജോയിയുടെ സഹോദരൻ അക്ഷയ് വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരന്റെ മരണത്തെത്തുടർന്ന് ഇത്തവണ ക്ഷേത്രത്തിൽ ഉത്സവം നടത്തരുതെന്ന് അജോയ് ആവശ്യപ്പെട്ടിരുന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറയുന്നു. വടിവാളുമായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച പ്രതി തൊഴാൻ നിന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. “നിന്നെ കൊല്ലും ഞാൻ, നീ അവനെ വിളിയടാ” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അഴിഞ്ഞാട്ടം. ഭക്തരെ ആക്രമിച്ചതിന് പുറമെ ക്ഷേത്രത്തിലെ പൊതുമുതൽ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
അക്രമത്തിന് ശേഷം അജോയിയും കൂടെയുണ്ടായിരുന്ന രണ്ട് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മൂവർക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.



