കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങി… 58-കാരിയെ ഉൾവനത്തിൽ കടുവ കൊന്നുതിന്നു…

വയനാട്: ഗൂഡല്ലൂരിനടുത്ത് വനത്തിൽ കാണാതായ വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാർവ്വതി (58) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള കർപ്പാകം റിസർവ് വനഭാഗത്ത് നിന്നുമാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
ഈ മാസം 11-ാം തീയതി കുടുംബ വഴക്കിനെത്തുടർന്ന് പാർവ്വതി വീടുവിട്ടിറങ്ങുകയായിരുന്നു. ബന്ധുവീട്ടിലേക്ക് പോയതാകാം എന്ന നിഗമനത്തിൽ വീട്ടുകാർ ആദ്യം അന്വേഷണം നടത്തിയില്ല. പിന്നീട് ബന്ധുവീടുകളിലൊന്നും എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ബുധനാഴ്ച പോലീസിലും വനംവകുപ്പിലും പരാതി നൽകി. പൈക്കാര ഫോറസ്റ്റ് റെയ്ഞ്ചറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തേയിലത്തോട്ടത്തിൽ വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ആന്റി നക്സൽ സ്ക്വാഡ് നടത്തിയ തിരച്ചിലിലാണ് ഉൾവനത്തിൽ ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഊട്ടി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് പാർവ്വതി കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. സംഭവത്തിൽ ഗൂഡല്ലൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുടുംബകലഹത്തിന്റെ പശ്ചാത്തലം പോലീസ് പരിശോധിക്കും. ബന്ധുക്കൾ പരാതി നൽകിയാൽ പാർവ്വതി വീടുവിട്ടിറങ്ങാൻ കാരണക്കാരായവരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.



