നിതിൻ രാജിന്റെ മരണം…. മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നുമാണ് അധ്യാപകരുടെ വാദം.
നിതിൻ രാജ് ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ടിരുന്നുവെന്നും അവിടെ നിന്നുള്ള ഭീഷണി മൂലമാണ് ജീവനൊടുക്കിയതെന്നും അധ്യാപകർ ആരോപിക്കുന്നു. സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ താൻ ഉണ്ടായിരുന്നില്ലെന്ന് ഡോ. റാം കോടതിയെ അറിയിച്ചു. തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് ഹർജിയിലെ ഉള്ളടക്കം.
അധ്യാപകരുടെ വാദങ്ങൾ തള്ളിക്കളയുന്ന ഗുരുതര ആരോപണങ്ങളാണ് നിതിന്റെ കുടുംബം ഉയർത്തുന്നത്. നിതിന്റെ നിറത്തെയും ജാതിയെയും ചൊല്ലി ഡോ. റാം നിരന്തരം പരിഹസിച്ചിരുന്നതായി കുടുംബം പറയുന്നു. ഇന്റേണൽ മാർക്കിന്റെ പേരിൽ അധ്യാപകർ മാനസികമായി തളർത്തിയിരുന്നതായും നിതിൻ നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ കോളേജ് മാനേജ്മെന്റ് ഇരുവർക്കുമെതിരെ നടപടിയെടുത്തിരുന്നു. ഇരുവരെയും സസ്പെൻഡ് ചെയ്യുകയും ഡോ. റാമിനെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും അവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് പോലീസിന്റെ വീഴ്ചയാണെന്ന വിമർശനം ശക്തമാണ്.



