ജാതി വെറിയനെ അറസ്റ്റ് ചെയ്യുക… റാമിന്റെ ക്ലിനിക്കിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് പ്രതിഷേധം…. കണ്ണൂരിൽ സംഘർഷാവസ്ഥ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. റാമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡോ. റാമിന്റെ എടക്കാടിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ക്ലിനിക്കിന് മുന്നിൽ ‘ജാതി വെറിയൻ റാമിനെ അറസ്റ്റ് ചെയ്യുക’ എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ച പ്രവർത്തകർ റാമിന്റെ കോലം കത്തിക്കാനും ശ്രമിച്ചു.

പ്രതിഷേധം മുൻകൂട്ടി കണ്ട് പോലീസ് ക്ലിനിക്കിന്റെ ഷട്ടറുകൾ അടച്ച് സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ മറ്റൊരു കെട്ടിടത്തിന്റെ വഴിയിലൂടെ പ്രവർത്തകർ ക്ലിനിക്കിന് മുന്നിലെത്തിയത് പോലീസിനെ വെട്ടിലാക്കി. കനത്ത പോലീസ് സുരക്ഷയിലാണ് എടക്കാട് മേഖല. ക്ലിനിക്കിന് നേരെ അതിക്രമം ഉണ്ടാകാതിരിക്കാൻ പോലീസ് പ്രവർത്തകരെ തടഞ്ഞു.

അഞ്ചരക്കണ്ടി ദന്തൽ കോളജിൽ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം തുടരുകയാണ്. മാനേജ്‌മെന്റിന് മുന്നിൽ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് വിദ്യാർത്ഥി പ്രതിനിധികൾ വെച്ചിട്ടുള്ളത് ഡോ. റാമിനെ എത്രയും വേഗം പിരിച്ചുവിടുക, ആരോപണവിധേയരായ മറ്റ് രണ്ട് അധ്യാപകരെയും പുറത്താക്കുക, നിതിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കുക, കോളജിൽ രക്ഷാകർതൃ-അധ്യാപക സമിതി (PTA) അടിയന്തരമായി രൂപീകരിക്കുക, ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുക.

പ്രത്യേക മെയിൽ ഐഡി വഴി 150-ഓളം പരാതികളാണ് അധ്യാപകർക്കെതിരെ വിദ്യാർത്ഥികൾ നൽകിയിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

Related Articles

Back to top button