വനിതാ ബിൽ…. കറുത്ത വസ്ത്രമണിഞ്ഞ് ഡിഎംകെ അംഗങ്ങൾ….

കനത്ത പ്രതിഷേധങ്ങൾക്കിടെ വനിതാ സംവരണ ഭേദഗതി ബിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്സഭയിൽ അവതരിപ്പിച്ചു. വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരിപ്പിക്കാനുള്ള അനുമതി സർക്കാർ നേടിയെടുത്തത്. എന്നാൽ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കുന്നതാണ് കേന്ദ്ര നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തി.

മുസ്ലിം-പിന്നാക്ക വിഭാഗങ്ങൾക്ക് ബില്ലിൽ സംവരണമില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. എന്നാൽ മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിന് മറുപടി നൽകി. ഇതോടെ ഇരുവരും തമ്മിൽ സഭയിൽ രൂക്ഷമായ വാക്പോരുണ്ടായി. മണ്ഡല പുനർനിർണ്ണയത്തിലൂടെ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്കയിൽ ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്.

ബില്ലിന്മേലുള്ള പ്രതിപക്ഷ ചർച്ചകൾക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും. മണ്ഡലങ്ങളുടെ എണ്ണം കൂട്ടി സംവരണം നടപ്പിലാക്കുന്നതിലെ ചതിക്കുഴികൾ പ്രതിപക്ഷം ചർച്ചയിൽ ഉന്നയിക്കും. ലോക്സഭയിൽ ബില്ലിന്മേൽ 18 മണിക്കൂർ നീളുന്ന വിശദമായ ചർച്ചയാണ് നടക്കുക. ചർച്ചയുടെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഭരണഘടന ഭേദഗതി ചെയ്യുന്നതിലൂടെ നിയമനിർമ്മാണ സഭകളിലെ സീറ്റുകളുടെ എണ്ണം ഉയർത്തി 33% വനിതാ സംവരണം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related Articles

Back to top button