മഞ്ഞപട എത്തിയില്ല… കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് ഒഴിഞ്ഞ ഗ്യാലറ…. മത്സരം സമനിലയില്‍

കൊച്ചി: ആരാധകക്കൂട്ടായ്മയായ ‘മഞ്ഞപ്പട’യുടെ ബഹിഷ്‌കരണത്തെത്തുടർന്ന് കാണികളില്ലാത്ത ഗ്യാലറിയെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഓരോ ഗോൾ വീതം അടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ പിരിഞ്ഞത്. പുതിയ പരിശീലകന് കീഴിൽ ടീം മികച്ച കളി പുറത്തെടുത്തെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ കൊമ്പന്മാർക്കായില്ല.
41-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് താരത്തിന്റെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടിയത്. ജയം ഉറപ്പിച്ചിരിക്കെ കളി തീരാൻ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ ലാൽറിയൻസുവാലയിലൂടെ നോർത്ത് ഈസ്റ്റ് ഒപ്പമെത്തി. ബ്ലാസ്റ്റേഴ്സ് ഗോളി അർഷ് ഷെയ്ഖിന്റെ തകർപ്പൻ പ്രകടനമാണ് കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്ന് ടീമിനെ രക്ഷിച്ചത്. ഒൻപത് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ 13-ാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് പോയിന്റുള്ള നോർത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്.
മാനേജ്‌മെന്റിനോടുള്ള പ്രതിഷേധ സൂചകമായി മഞ്ഞപ്പട ഗ്യാലറിയിൽ നിന്ന് വിട്ടുനിന്നത് ടീമിനെ മാനസികമായി ബാധിച്ചുവെന്ന് വിദേശ താരം ഫ്രഞ്ചോ പ്രതികരിച്ചു. ആരാധകരുടെ അഭാവം കൊച്ചിയിലെ പതിവ് ആരവങ്ങളെ നിശബ്ദമാക്കി. കളി മികവ് കൊണ്ട് ആരാധകരെ തിരികെ എത്തിക്കാൻ ടീമിന് കഴിയുമോ എന്നതാണ് ഇനി കാണേണ്ടത്.



