വനിതാ സംവരണ ബിൽ…. അവതരണത്തിന് വോട്ടെടുപ്പിലൂടെ അനുമതി…. ഭരണ-പ്രതിപക്ഷ വാക്പോരിൽ സഭ പ്രക്ഷുബ്ധം

രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ഭേദഗതി ബിൽ (Constitution 131st Amendment Bill, 2026) ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരിപ്പിക്കുന്നതിനെച്ചൊല്ലി പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഒടുവിൽ വോട്ടെടുപ്പിലൂടെ ബിൽ അവതരണത്തിന് സഭ അനുമതി നൽകുകയായിരുന്നു.
251 വോട്ടുകൾ അനുകൂലിച്ചും 185 വോട്ടുകൾ എതിർത്തു.ശക്തമായ വാക്പോരിനൊടുവിലാണ് ബിൽ മേശപ്പുറത്ത് വെച്ചത്. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിക്കൊണ്ട് 33% വനിതാ സംവരണം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. മണ്ഡല പുനർനിർണ്ണയം നടത്തി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെ പ്രതിപക്ഷം ശക്തമായി എതിർക്കുന്നു. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ആരോപിച്ചു.
സംവരണത്തിന് എതിരല്ലെന്നും എന്നാൽ പുതിയ ഭേദഗതികൾ തിരക്കിട്ട് നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പ്രതിപക്ഷം സഭയിൽ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിന് ലോക്സഭയുടെ വിപുലീകരണം അത്യാവശ്യമാണെന്നും നിലവിലുള്ള അംഗങ്ങൾക്ക് സീറ്റ് നഷ്ടപ്പെടാതെ തന്നെ കൂടുതൽ വനിതകളെ സഭയിലെത്തിക്കാൻ ഇത് സഹായിക്കുമെന്നും സർക്കാർ വാദിക്കുന്നു.



