കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം… മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല. തെക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലമായി നവംബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നാണ് പ്രവചനം. ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി നവംബർ 14-ഓടെ ശക്തി കൂടിയ ന്യൂനമർദമായും നവംബർ 15-ഓടെ അതേ മേഖലയിൽ തീവ്രന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും മന്നാർ കടലിടുക്കിന് സമീപവും രണ്ട് ചക്രവാതച്ചുഴികൾ കൂടി നിലനിൽക്കുന്നുണ്ട്. ഈ അന്തരീക്ഷ പ്രതിഭാസങ്ങളുടെ സ്വാധീനഫലമായി നവംബർ 12 മുതൽ 16 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

Related Articles

Back to top button