ടൂറിസ്റ്റ് ഗൈഡ് മദ്യപിച്ച് അബോധാവസ്ഥയിൽ…രാത്രി മുഴുവൻ വഴിതെറ്റി അലഞ്ഞ് ബ്രിട്ടീഷ് പൗരനായ വിനോദസഞ്ചാരി

ടൂറിസ്റ്റ് ഗൈഡ് മദ്യപിച്ച് അബോധാവസ്ഥയിലായതിനെത്തുടർന്ന് താമസിക്കുന്ന സ്ഥലം അറിയാതെ രാത്രി മുഴുവൻ വഴിതെറ്റി അലഞ്ഞ് വിദേശ പൗരൻ. ബ്രിട്ടീഷ് പൗരനായ വിനോദസഞ്ചാരി 19 കാരനായ കിറ്റ് പാട്രിക് ജോൺ ആണ് വഴിതെറ്റിയലഞ്ഞത്. ഒടുവിൽ ശനിയാഴ്ച പുലർച്ചെ നാലോടെ കൊട്ടിയത്തിനടുത്ത് മയ്യനാട് ധവളക്കുഴിയിലെ കോടവിള പടിഞ്ഞാറ്റതിൽ വിഷ്ണുവിന്റെ വീട്ടിലെത്തി ഗേറ്റിൽ തട്ടി ബഹളംവെക്കുകയായിരുന്നു.

ഉണർന്നെത്തിയ വീട്ടുകാർ വിദേശിയെ കണ്ട് അമ്പരന്നു. നാട്ടുകാരെയും പഞ്ചായത്ത്‌ അംഗം ഡി. സ്റ്റാലിൻ കുമാറിനെയും വിവരമറിയിച്ചു. താമസിക്കുന്ന ലോഡ്ജ് അറിയാതെ വഴിതെറ്റി രാത്രിയിൽ നടക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. തന്നെ ദേശീയപാതയിലെത്തിച്ചാൽ ലോഡ്ജ് കണ്ടെത്താനാകുമെന്നും ഇയാൾ പറഞ്ഞു. കൈവശമുണ്ടായിരുന്ന പാസ്പോർട്ടിൽനിന്ന് ബ്രിട്ടീഷ് പൗരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരവിപുരം പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പരിശോധനയിൽ കൈവശമുള്ള രേഖകളെല്ലാം ശരിയാണെന്ന് കണ്ടെത്തി. കൊല്ലം ടൗണിലെ ഹോട്ടലിലാണ് ഇയാൾ മുറിയെടുത്തിരുന്നത്. ഇയാളുടെ ഗൈഡായി ഉണ്ടായിരുന്ന ആൾ കൊട്ടിയം സ്വദേശിയാണ്. ഇരുവരും ആദ്യം കൊല്ലത്തെ ബാറിലും പിന്നീട് കൊട്ടിയത്തെ ബാറിലും കയറി മദ്യപിച്ചിരുന്നു. ഗൈഡ് മദ്യപിച്ച് അബോധാവസ്ഥയിലായതോടെയാണ് വിനോദസഞ്ചാരി വഴിയാധാരമായത്.

Related Articles

Back to top button