പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി…. മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയിൽ

കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് ശ്രീനന്ദ.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. മാതാപിതാക്കൾ ഉൾപ്പെടെ കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് പെൺകുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കുട്ടിയെ കണ്ടെത്താനായി കർണാടക പോലീസും വനം വകുപ്പും അഗ്നിരക്ഷാ സേനയും ചേർന്ന് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. കൊക്കകളും കാടും നിറഞ്ഞ പ്രദേശത്ത് അതീവ ദുഷ്കരമായ തിരച്ചിലാണ് നടന്നത്.

ഇന്ന് രാവിലെ മുതൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി വൈകി വരെ കൊക്കകളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മകളെ ആരെങ്കിലും ലഹരി നൽകി തട്ടിക്കൊണ്ടുപോയതാകാമെന്ന് നേരത്തെ മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മൃതദേഹം കൊക്കയിൽ കണ്ടെത്തിയതോടെ കാൽ വഴുതി വീണതാകാനുള്ള സാധ്യതയാണ് പ്രാഥമികമായി വിലയിരുത്തുന്നത്.

നിലവിൽ ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം മാറ്റിക്കഴിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം. കടമ്പഴിപ്പുറത്തെ ഒരു കുടുംബത്തിന്റെ സന്തോഷയാത്ര ഒരു നാടിന്റെയാകെ കണ്ണീരായി മാറിയിരിക്കുകയാണ്.

Related Articles

Back to top button