രാജസ്ഥാനിൽ അജ്ഞാതരോഗം വിതച്ച് മരണം…. അഞ്ച് ദിവസത്തിനിടെ പൊലിഞ്ഞത് അഞ്ച് പിഞ്ചുജീവനുകൾ

രാജസ്ഥാനിലെ സലുമ്പർ ജില്ലയിൽ അജ്ഞാതരോഗം പടരുന്നത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. സലുമ്പർ ജില്ലയിലെ ഘാട്ട, ലാൽപുര എന്നീ രണ്ട് ഗ്രാമങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പനിയും ഛർദ്ദിയുമാണ് മരിച്ച കുട്ടികളിലെല്ലാം കണ്ടുവന്ന പൊതുവായ ലക്ഷണം. എന്നാൽ രോഗത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് വയസ്സിനും നാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഏപ്രിൽ ഒന്നിന് രണ്ട് കുട്ടികളും പിന്നീട് മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് കുട്ടികളും മരണപ്പെട്ടു.
ആർഎൻടി മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഗ്രാമങ്ങളിൽ ക്യാമ്പ് ചെയ്ത് പരിശോധനകൾ നടത്തിവരികയാണ്. ആളുകളുടെ രക്തസാമ്പിളുകളും ഗ്രാമങ്ങളിലെ ജലസ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകളും ലാബ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
രോഗകാരണം ഉടൻ കണ്ടെത്തുമെന്നും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയെന്നും രാജസ്ഥാൻ സർക്കാർ അറിയിച്ചു. ഗ്രാമവാസികൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.



