കൊയ്യം ജനാർദ്ദനനെ കോൺഗ്രസ് പുറത്താക്കി

തളിപ്പറമ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ കോൺഗ്രസ് നടപടി. കൊയ്യം ജനാർദ്ദനെ കോൺഗ്രസ് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ച് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനമാണ് നടപടിക്ക് പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സിപിഐഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കൊയ്യം ജനാർദ്ദനൻ മത്സരിക്കാനൊരുങ്ങിയത്. കഴിഞ്ഞ ദിവസം കൊയ്യം ജനാർദ്ദനൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. കൊയ്യം ജനാർദ്ദനന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. ഇദ്ദേഹത്തിന് ടെലിവിഷനാണ് തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.
കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു കൊയ്യം ജനാർദ്ദനൻ. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 2021ൽ ഇവിടെ മത്സരിച്ച വി പി അബ്ദുൽ റഷീദിന് എം വി ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു. തോൽവിക്ക് ശേഷവും മണ്ഡലത്തിൽ തുടർന്ന അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ സിപിഐഎം വിട്ടുവന്ന ടി കെ ഗോവിന്ദനെ പാർട്ടി പിന്തുണയ്ക്കുകയും അബ്ദുൽ റഷീദിനെ ധർമടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുകയുമായിരുന്നു. ഇതിനെതിരെ നേതാക്കൾക്കിടയിൽ കടുത്ത അമർഷം ഉയർന്നിരുന്നു.



