വർക്കലയിൽ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം; മുറിയിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ച എഞ്ചിനീയർ പിടിയിൽ

വർക്കലയിൽ വിദേശ വനിതക്കെതിരെ അതിക്രമം കാണിച്ച യുവാവ് പിടിയിൽ. കോയമ്പത്തൂർ അവിനാശി റോഡിൽ ഇമ്മാനുവൽ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) ആണ് പിടിയിലായത്. പ്രതിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ആൻഡ്രു ഇലക്ട്രിക്കൽ എഞ്ചിനീയറാണെന്ന് പൊലീസ് പറഞ്ഞു.

പാപനാശം നോർത്ത് ക്ലിഫിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ലിത്വാനിയ സ്വദേശിയായ 27കാരിയുടെ പരാതിയിലാണ് നടപടി. ഇന്നലെ പുലർച്ചെ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവ് ഇവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിക്ക് ഒപ്പമുണ്ടായിരുന്നവർ പുറത്ത് പോയ സമയത്ത് മുറിയുടെ വാതിൽ ലോക്ക് ചെയ്തിട്ടില്ലായിരുന്നു. ഈ തക്കം നോക്കിയാണ് സമീപത്തെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ഇയാൾ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറിയത്. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ വർക്കലയിൽ നോർവേ സ്വദേശിയായ വിദേശ വനിതക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ മറ്റൊരു യുവാവ് രണ്ടുദിവസം മുൻപ് അറസ്റ്റിലായിരുന്നു. ചിറയിൻകീഴ് സ്വദേശി അനസിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 15 നാണ് റഷ്യൻ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയും കയറിപ്പിടിക്കുകയും ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ അനസ് ചിറയിൻകീഴിൽ മറ്റൊരു വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് ചിറയൻകീഴ് പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വർക്കല പൊലീസ് പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.

Related Articles

Back to top button