‘സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു, പിന്നിൽ മേയർ’…ആരോപണവുമായി സിപിഎം

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ ആർ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പ് സൃഷ്ടിച്ചുവെന്ന് സിപിഎം. സുഗതൻ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് എസ് പി ദീപക്കിൻ്റെ ആരോപണം.സുഗതനെ സംരക്ഷിക്കാൻ വേണ്ടിയാണ് മേയർ വി വി രാജേഷിൻ്റെ ഓഫീസ് കേന്ദ്രീകരിച്ചു വ്യാജ ഒപ്പിട്ടു രജിസ്റ്റർ ബുക്ക് സൂക്ഷിച്ചതെന്ന് എസ് പി ദീപക്ക് ആരോപിച്ചു. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് സുഗതൻ്റേതായ വ്യാജ ഒപ്പിട്ടു ക്രമക്കേട് നടത്തിയത്. കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് മറുപടി ലഭിച്ചതായും ഇത് ബോധപൂർവം മറച്ചുവെക്കുന്നതാണെന്നും എസ് പി ദീപക്ക് പറഞ്ഞു.



