പാർട്ടി തീരുമാനം അനുസരിച്ചാണ് മത്സരിക്കുന്നത് കെ കെ ശൈലജ…

പേരാവൂർ താൻ ജനിച്ചുവളർന്ന മണ്ണാണെന്നും മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊരു അവസരം കൂടി നൽകണമെന്നും സിപിഎം നേതാവ് കെ കെ ശൈലജ. പാർട്ടി തീരുമാനപ്രകാരമാണ് പേരാവൂരിൽ മത്സരിക്കുന്നതെന്നും കെ കെ ശൈലജ പ്രതികരിച്ചു. രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച എംഎല്‍എ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണെങ്കില്‍ മത്സരിക്കേണ്ട എന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പി ബി പ്രത്യേക ഇളവ് നൽകിയതാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
മട്ടന്നൂരിൽ മികച്ച പ്രവർത്തനം നടത്താന്‍ കഴിഞ്ഞു. പേരാവൂരിൽ മുമ്പ് ജയിച്ചു വന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം ഒരുപാട് മാറ്റം വന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂരിൽ ടി ഐ മധുസൂദനാണ് സിപിഎം സ്ഥാനാർത്ഥി. മറ്റു വിവാദങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കോടതി നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അന്ന് മന്ത്രി ഏറെ അസ്വസ്ഥയായിരുന്നു, ഒന്നും പറ്റാതെ ആരോഗ്യമന്ത്രി അത്രയേറെ അസ്വസ്ഥയാകില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വർഷം ആരോഗ്യ മേഖലയിലുണ്ടായത് മികച്ച പ്രവർത്തനമെന്നും ശൈലജ പറഞ്ഞു.



