പുഞ്ചക്ക് വെള്ളം തുറന്ന് വിടാനെത്തിയപ്പോൾ നഷ്ടമായത് മോതിരം, വിദേശത്ത് നിന്നെത്തിയ സുഹൃത്തിന് കിട്ടിയത്..

ശശിധരന്റെ സത്യസന്ധത ഒരു പണതൂക്കം മുന്നിൽ തന്നെയാണ്. പൊന്നിന്റെ തിളക്കത്തിലും വിലയിലും ആ കണ്ണ് മഞ്ഞളിച്ചില്ല. അപ്രതീക്ഷിതമായി ലഭിക്കുന്ന നിധിപോലെ 5 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമോതിരം ഉടമയുടെ കൈകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. പഴഞ്ഞിയിലെ നെടിയേടത്ത് വീട്ടിൽ ദിവാകരനാണ് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ പ്രിയപ്പെട്ട മോതിരം തിരികെ ലഭിച്ചത്. കൃഷിക്കാരനായ കാഞ്ഞങ്ങാട്ട് വീട്ടിൽ ശശിധരനാണ് പാടത്തെ തോട്ടിൽനിന്ന് ഈ സ്വർണമോതിരം കണ്ടെടുത്തത്. ചിറ്റത്താഴം കോൾപടവിൽ പുഞ്ചകൃഷിക്ക് വെള്ളം തുറന്നുവിടാനെത്തിയപ്പോഴാണ് ദിവാകരന് മോതിരം നഷ്ടമായത്. 43 വർഷമായി വിരലിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള ആ മോതിരത്തിനായി പാടത്തെല്ലാം അന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്ന് ഏകദേശം 35000 രൂപ വിലയുണ്ടായിരുന്ന മോതിരത്തിന് ഇന്ന് വിപണിയിൽ 1.20 ലക്ഷം രൂപയോളമാണ് മൂല്യം.
40 വർഷത്തോളം വിദേശത്ത് ജോലി ചെയ്തിരുന്ന ശശിധരൻ അടുത്തിടെയാണ് നാട്ടിലെത്തി കൃഷിയിലേക്ക് തിരിഞ്ഞത്. പാടത്തെ തോട്ടിൽനിന്നും മോതിരം ലഭിച്ചപ്പോൾ അഞ്ചുവർഷം മുമ്പ് തന്റെ സുഹൃത്തായ ദിവാകരൻ മോതിരം നഷ്ടപ്പെട്ട കാര്യം പറഞ്ഞത് ശശിധരന്റെ ഓർമ്മയിലെത്തി. മോതിരത്തിൽ ദിവാകരന്റെ പേര് കൊത്തിയിരുന്നതും ഉടമയെ ഉറപ്പിക്കുന്നതിൽ സഹായകമായി. അമൂല്യമായ ഈ സ്വർണസമ്പാദ്യം യാതൊരു മടിയും കൂടാതെ ശശിധരൻ ഉടമയ്ക്ക് കൈമാറുകയായിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ പ്രിയപ്പെട്ട മോതിരം വര്ഷങ്ങൾക്കിപ്പുറം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിവാകരനും കുടുംബവും.



