ഗർഭിണിക്ക് കാൻസറിനുള്ള ഗുളിക നൽകി; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

ഗർഭിണിക്ക് കാൻസറിനുള്ള ഗുളിക മാറി നൽകിയതായി പരാതി. ഇടുക്കി നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഗുളിക മാറി നൽകിയത്. ഫോളിക് ആസിഡ് ടാബ്ലറ്റിനുപകരം കാൻസറിന് ഉൾപ്പടെ ഉപയോഗിക്കുന്ന ഫോളിട്രാക്സ് നൽകിയതായാണ് ആരോപണം.
കമ്പംമെട്ട് സ്വദേശിയായ യുവതിയ്ക്ക് ആണ് നെടുംകണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് മരുന്ന് മാറി നൽകിയത്. കഴിഞ്ഞ ദിവസം ഗർഭസ്ഥ സംബന്ധമായ ശാരീരിക അസ്വസ്ഥകളെ തുടർന്നാണ് യുവതിയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാർജ് ആയ സമയത്ത് ലഭിച്ച ഗുളികകൾ പരിശോധിച്ചപ്പോഴാണ് ഗുളിക മാറിയ വിവരം കുടുംബം അറിയുന്നത്. കാൻസറിന് ഉൾപ്പടെയുള്ള രോഗത്തിന് നൽകുന്ന ഫോളിട്രാക്സ് 5 എം ജി ടാബ്ലറ്റ് ആണ് മാറി നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനെയും ഗുരുതരമായി ബാധിക്കാമെന്നതിനാൽ സംഭവത്തിൽ ആരോഗ്യ വകുപ്പിന് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. അതേസമയം ഗുളിക കൊടുക്കാൻ എടുത്തപ്പോൾ നഴ്സിന് മനസിലായെന്നും മാറ്റി നൽകിയെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഈ വിവരം ആശുപത്രി റെക്കോർഡ്സിൽ ഉണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.



