എംഎല്‍എ എന്ന നിലയില്‍ കൊല്ലം മണ്ഡലത്തില്‍ എന്തുചെയ്‌തെന്ന് ജനം…മറുപടിയുമായി മുകേഷ്

കൊല്ലം: കൊല്ലം മണ്ഡലത്തില്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പുമായി എം മുകേഷ് എംഎല്‍എ. കൊല്ലം മണ്ഡലത്തിന് പുറത്തുള്ളവര്‍ ഇക്കാര്യം ചോദിച്ച് ഫേസ്ബുക്കില്‍ നിരന്തം കമന്റിടുന്നുണ്ടെന്നും അതിനുള്ള മറുപടിയാണിതെന്നും പറഞ്ഞാണ് മുകേഷ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സമയം കണ്ടെത്തി മുഴുവന്‍ വായിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ഇതിന് ശേഷം മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങള്‍ മുകേഷ് പങ്കുവെയ്ക്കുന്നു.
പത്തുകൊല്ലമായി ലഭിച്ച എംഎല്‍എ ഫണ്ട് 56 കോടി രൂപയും പൂര്‍ണമായും വിനിയോഗിച്ചതായി മുകേഷ് പറയുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി സാംസ്‌കാരിക സമുച്ചയം 57 കോടി രൂപയ്ക്ക് പണിപൂര്‍ത്തീകരിച്ചു. ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ടം 74 കോടി അനുവദിച്ചു. ഇതിൻ്റെ ടെന്‍ഡര്‍ നടപടിയിലാണെന്ന് മുകേഷ് പറയുന്നു. പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ കോടികള്‍ വില വരുന്ന അമൂല്യമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആര്‍ട്ട് ഗ്യാലറി മൂന്ന് കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു. 60 ലക്ഷം രൂപ ചെലവില്‍ ശ്രീനാരായണ ഗുരുവിന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ പണി പൂര്‍ത്തീകരിച്ചു. തങ്കശ്ശേരി ഹാര്‍ബറിലെ അടിസ്ഥാന സൗകര്യ വികസനം 11.39 കോടി രൂപ ഇടത് വികസന പദ്ധതി നടപ്പിലായി വരുന്നു. കൊല്ലം പോര്‍ട്ട് വിവിധ പദ്ധതികളില്‍ ആയി 22.5 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചു. കൊല്ലം കോടതി സമുച്ചയം 88.21 കോടി രൂപ നിര്‍മാണം 50 ശതമാനം പൂര്‍ത്തിയായി. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോ 15 കോടി രൂപ ചെലവില്‍ തറക്കല്ലിട്ടു. ടൂറിസം പദ്ധതി 56 കോടി രൂപ ചെലവില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മുകേഷ് കുറിപ്പിൽ വ്യക്തമാക്കുന്നു.



