ഭർത്താവ് മരിച്ച് മൂന്നാഴ്ച തികയും മുമ്പ് വീണ്ടും വിവാഹം; സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്..

ഭർത്താവ് മരിച്ച് 20 ദിവസത്തിനുള്ളിൽ വീണ്ടും വിവാഹം. സംശയം തോന്നിയ പൊലീസ് അന്വേഷണം നടത്തിയതോടെ പുറത്തായത് ഞെട്ടിപ്പിക്കുന്ന കൊലപാതകം. കർണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഭാര്യ എല്ലാവരെയും വിശ്വസിപ്പിച്ചത്. 50 വയസ്സകാരനായ പരമേഷിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് തെളിയിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ പരമേഷ് ജനുവരി 29ന് രാത്രിയാണ് മരിച്ചത്. തുടർന്ന് 46 കാരിയായ ഭാര്യ ആശ പരമേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കുകയും മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
തുടർന്ന് ഫെബ്രുവരി 19ന് ആശ പാചകക്കാരനായ ചന്ദ്രപ്പയെ വിവാഹം കഴിച്ചു. ഇയാളുമായി നേരത്തേ ആശയ്ക്ക് ബന്ധമുണ്ടായിരുന്നു. ഈ വിവാഹത്തിൽ സംശയം തോന്നിയ പരമേഷിന്റെ സഹോദരിമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പരമേഷിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തി. ഇതിൽ മരണം ശ്വാസംമുട്ടിയാണെന്നു കണ്ടെത്തി. ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ആശയും കാമുകനും മുൻഭർത്താവിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചു. പരമേഷ് ഉറങ്ങിക്കിടക്കുമ്പോൾ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു



