സ്വർണം പണയം വെച്ചാൽ പോലും ലോൺ കിട്ടാത്ത അവസ്ഥ മാറി; കെ.എസ്.ആർ.ടി.സി ആർ.ബി.ഐയുടെ ‘ഡി’ ഗ്രേഡിൽനിന്നും ‘ബി’ ഗ്രേഡിലേക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കെ.എസ്.ആർ.ടി.സി കരകയറുന്നതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വർണം പണയം വെച്ചാൽ പോലും വായ്പ ലഭിക്കാത്ത ‘ഡി’ കാറ്റഗറിയിൽ നിന്നും മികച്ച നിലവാരമുള്ള ‘ബി’ കാറ്റഗറിയിലേക്ക് സ്ഥാപനം ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. കൊട്ടാരക്കരയിൽ നിർമ്മിക്കുന്ന അത്യാധുനിക ബസ് ടെർമിനലിന്റെ ശിലാസ്ഥാപന ചടങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ അധികാരമേൽക്കുമ്പോൾ ഒന്നാംതീയതി ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും യാത്രക്കാരെ കെ.എസ്.ആർ.ടി.സി.യിലേക്ക് തിരികെ എത്തിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഒന്നാംതീയതി മൊത്തം ശമ്പളം നൽകാനുള്ള പദ്ധതി തയ്യാറാക്കാൻ നിർദേശിച്ചത് മുഖ്യമന്ത്രിയാണ്. ധനമന്ത്രി സഹായിച്ചു. രണ്ടും ഇന്നു സാധ്യമായി-മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി. കേരളത്തിന്റെ ബ്രാൻഡാണെന്നും തകർന്നുപോയി എന്നിടത്തുനിന്നു നന്നായി എന്നുപറയുന്ന നിലയിലേക്ക് കെ.എസ്.ആർ.ടി.സി. മാറിയെന്നും ആധ്യക്ഷ്യം വഹിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
മാനേജിങ് ഡയറക്ടർ ഡോ. പി.എസ്.പ്രമോദ് ശങ്കർ, നഗരസഭാധ്യക്ഷ അനിതാ ഗോപകുമാർ, ഉപാധ്യക്ഷൻ എ. ഷാജു, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, കെ.എസ്.ആർ.ടി.സി. സി.എ.ഒ. ഷാജി, എക്സി. ഡയറക്ടർമാരായ ജി.പി. പ്രദീപ്കുമാർ, പി.എം. ഷറഫ് മുഹമ്മദ്, എ.ടി.ഒ. എ. അബ്ദുൽ നിഷാർ, വിവിധ സംഘടനാപ്രതിനിധികൾ, യൂണിയൻ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
കെ.എസ്.ആർ.ടി.സി.ശിലാസ്ഥാപനച്ചടങ്ങ് ബഹിഷ്കരിച്ചവരുടെ പേരുകൾ ശിലയിലുണ്ടാകില്ലെന്നു മന്ത്രി. തന്നെയോ മന്ത്രി ബാലഗോപാലിനെയോ ബഹിഷ്കരിക്കാനുള്ള ഒരു കാരണവുമില്ല. നിർമാണോദ്ഘാടന ചടങ്ങിൽ യു.ഡി.എഫ്.പ്രതിനിധികൾ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.



