ഒരു വെറൈറ്റി സത്യാഗ്രഹം…; ശവപ്പെട്ടിയിൽ കിടന്ന് നിരാഹാര സത്യാഗ്രഹം ആരംഭിച്ചു അജി മാർക്കോസ്, നടപടിയില്ലെങ്കിൽ സമരം കടുപ്പിക്കും

പാലാ പൊൻകുന്നം പാലത്തിനടിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കാത്ത നഗരസഭ അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭ ഓഫീസിന് മുമ്പിൽ പരാതിക്കാരനായ അജി മാർക്കോസ് ശവപ്പെട്ടിയിൽ കിടന്ന് നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. പൊതുപ്രവർത്തകൻ ജോയ് കളരിക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് നൽകിയിരുന്ന ലൈസൻസ് അനധികൃതമായി കൈക്കലാക്കി മറ്റൊരു സ്വകാര്യ വ്യക്തി ഇവിടെ കെട്ടിടം പണിയുകയും, വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് അജി മാർക്കോസ് നഗരസഭയിൽ പരാതി നൽകിയത്. തുടർന്ന് ഹൈക്കോടതിയും സമീപിച്ചു. കോടതി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് നഗരസഭ ലൈസൻസ് സസ്പെൻഡ് ചെയ്തെങ്കിലും കെട്ടിടം പൊളിച്ചുമാറ്റാൻ തയ്യാറായില്ല.
താൽക്കാലിക ബാങ്കിന് പകരം കെട്ടിടം നിർമ്മിച്ചത് നിയമവിരുദ്ധമാണെന്ന് വ്യക്തമായെങ്കിലും നടപടി സ്വീകരിക്കാത്തത് ഗുരുതരമായ ക്രമക്കേടാണെന്ന് അജി പറഞ്ഞു. ശവപ്പെട്ടി സമരം കൊണ്ടും നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും, ഉയർന്ന നീതിപീഠങ്ങളെ സമീപിക്കുമെന്നും അജി പറഞ്ഞു. സ്ഥാപനത്തിൻറെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തിട്ടുള്ളതാണെന്നും ,ഇത് പൊളിച്ചു തീർക്കാനുള്ള നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും നഗരസഭാധികൃതർ പറഞ്ഞു. മൂന്ന് നോട്ടീസ് നൽകിയെങ്കിൽ മാത്രമേ നഗരസഭയ്ക്ക് പൊളിച്ച് നീക്കാൻ നിയമപരമായി സാധിക്കുകയുള്ളൂ. ആദ്യ നോട്ടീസ് നൽകി കഴിഞ്ഞതായും നിശ്ചിത കാലയളവിനുള്ളിൽ മറ്റു രണ്ടു നോട്ടീസ് കൂടി നൽകിയതിനു ശേഷം അത് പൊളിച്ചു നീക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും നഗരസഭാധികൃതർ അറിയിച്ചു.




