20 കോടി ക്രിസ്മസ്–പുതുവത്സര ബമ്പർ ടിക്കറ്റ് നഷ്ടമായെന്ന് പരാതി

20 കോടി രൂപയുടെ ക്രിസ്മസ്–പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശവാദവുമായി വിരമിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ രം​ഗത്ത്. പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്‌.ഐ കെ.കെ സജിമോൻ ആണ് താനെടുത്ത ടിക്കറ്റിനാണ് ബമ്പർ സമ്മാനം അടിച്ചതെന്ന് അവകാശപ്പെടുന്നത്. എന്നാൽ, ടിക്കറ്റ് നഷ്ടപ്പെട്ട് പോയെന്നും ഇദ്ദേഹം പറയുന്നു. ടിക്കറ്റ് നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി കെ.കെ സജിമോൻ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്.

പൊലീസിൽ നിന്ന് വിരമിച്ച ശേഷം ട്രാവലർ സർവീസ് നടത്തുന്നയാളാണ് സജിമോൻ. ഇതിനിടെയാണ് ക്രിസ്മസ്–പുതുവത്സര ബമ്പർ ടിക്കറ്റ് എടുത്തത്. ജനുവരി 24-നാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. XC 138455 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

സജിമോണിന്റെ വാഹനത്തിൽ ശബരിമല ദർശനത്തിന് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ നെയ്‌പാത്രം മറന്നുവെച്ചിരുന്നു. താൻ വാങ്ങിയ ലോട്ടറി ടിക്കറ്റ് നെയ്‌പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നതായും, പിന്നീട് യാത്രക്കാരുടെ ആവശ്യപ്രകാരം നെയ്‌പാത്രം കൊറിയർ ചെയ്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുപോയതായുമാണ് സജിമോണിന്റെ പരാതി.

ജനുവരി 30-നാണ് പിറവത്തെ കൂറിയർ സ്ഥാപനത്തിൽ നിന്ന് നെയ്‌പാത്രം അയച്ചത്. ഫെബ്രുവരി ഒന്നിന് ടിക്കറ്റ് ഓർമ്മ വന്നതോടെ പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും സാധ്യമായില്ല. ഫെബ്രുവരി നാലിന് നെയ്‌പാത്രം വിശാഖപട്ടണത്ത് ഉടമയ്ക്ക് ലഭിച്ചതായും പറയുന്നു. ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയതെന്നും, ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസവും ഒപ്പും രേഖപ്പെടുത്തിയിരുന്നുവെന്നും സജിമോൻ അവകാശപ്പെടുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പിറവം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെയും സജിമോൻ സമീപിച്ചു. തുടർന്ന് കൊറിയർ സ്ഥാപനത്തിലെ സി.സി.ടി.വി. ഹാർഡ് ഡിസ്ക് പൊലീസ് കോടതിയിൽ ഹാജരാക്കി.

ലോട്ടറി വകുപ്പിന്റെ പരിശോധനയും തട്ടിപ്പ് കണ്ടെത്തുന്നതിനുള്ള നടപടികളും ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേസമയം, വിജയിച്ച ടിക്കറ്റ് തിരുവനന്തപുരം ലോട്ടറി ഓഫീസിൽ ഇതിനകം ഹാജരാക്കിയതായി സൂചനകളുണ്ടെന്നതാണ് കേസിൽ നിർണായകമായ മറ്റൊരു വഴിത്തിരിവ്.

Related Articles

Back to top button