ബാരിക്കേഡ് മറികടന്ന് സർവകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍, കേരള സര്‍വകലാശാലയിൽ പ്രതിഷേധത്തിനിടെ സംഘര്‍ഷം

കേരള സര്‍വകലാശാലയിലെ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷമുണ്ടായത്. വിസി മോഹനന് കുന്നുമ്മലിനെതിരെ സര്‍വകലാശാല ആസ്ഥാനത്ത് ആണ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. കവാടത്തിന് മുന്നിലെ പോലീസിന്റെ ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ സർവകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയും സര്‍വകലാശാല ആസ്ഥാനം വളയുകയും ചെയ്തു. രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ സംഘടിച്ച് ആയിരുന്നു പ്രതിഷേധം. ഇതോടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേരളം സർവകലാശാലയിൽ കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയും, കലോത്സവം നടത്താൻ അനുവദിക്കാത്തത്തിനെതിരെയുമായിരുന്നു എസ്എഫ്ഐ പ്രതിഷേധിച്ചത്. രാവിലെ ബാരിക്കേഡുകൾ വെച്ച് സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പോലീസ് സമരക്കാരെ തടഞ്ഞിരുന്നു. പിന്നാലെ ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് പ്രവേശിക്കുകയും വൈസ് ചാൻസലറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിക്കുകയുമായിരുന്നു. വിദ്യാർഥികളെ കേൾക്കാനോ അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണോ ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കോ വിസി ഇതുവരെയും തയ്യാറായിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.


