ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണ..സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം, ഒപ്പുവെച്ചത് 118 എംപിമാർ

ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിന് ആണ് നോട്ടീസ് കൈമാറിയത്. നോട്ടീസിൽ 118 എംപിമാരാണ് ഒപ്പുവെച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ സസ്പെന്റ് ചെയ്ത 8 പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തും സ്പീക്കർക്ക് നൽകി.
ലോക്സഭാ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്ത്യസഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക. അതേസമയം സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവെച്ചില്ല.
സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ആലോചനയിലേക്ക് കോൺഗ്രസിനെ പ്രേരിപ്പിച്ചത് മൂന്ന് കാര്യങ്ങളാണ്. ഇതിൽ ഒന്ന് നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ലെന്നതാണ്. രണ്ടാമത്തേത് സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രിൽ 13 വരെ) സസ്പെന്റ് ചെയ്തതാണ്. മൂന്നാമത്തെ കാരണം പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകിയില്ല എന്നുള്ളതാണ്. തിങ്കളാഴ്ച രാവിലെ സഭ ചേർന്നപ്പോഴും വനിതാ എംപിമാർക്കെതിരായ ആരോപണത്തിൽ വിശദീകരണം നൽകാൻ അവസരം നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്പീക്കർ ഇതിന് അനുവാദം നൽകിയില്ല. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകിയത്.



