വരവിൽ കവിഞ്ഞ സ്വത്തെന്ന് സംശയം, മുരാരി ബാബുവിനെതിരെ പിടിമുറുക്കി വിജിലൻസ്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെതിരെ പിടിമുറുക്കി വിജിലന്‍സ്. സംസ്ഥാന വിജിലന്‍സ് മുരാരി ബാബുവിനെതിരെ വീണ്ടും അന്വേഷണം ആരംഭിച്ചു. മുരാരി ബാബുവിന് നല്കിയ ശമ്പളത്തിന്റെയും, ആനുകൂല്യങ്ങളുടെയും കണക്ക് തേടിയിട്ടുണ്ട്. കണക്ക് തേടി വിജിലന്‍സ് ദേവസ്വം ബോര്‍ഡിന് കത്തയയ്ക്കുകയും, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി ഫയലുകള്‍ പരിശോധിക്കുകയും ചെയ്തു. 10 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന് വിജിലന്‍സ് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എസ്ഐടിക്കും, ഇ ഡിക്കും പിന്നാലെയാണ് ഇപ്പോള്‍ വിജിലന്‍സും മുരാരി ബാബുവിനെതിരെ കളത്തിലിറങ്ങിയിരിക്കുന്നത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ ഓഡിറ്റിന്റെ രേഖകളും പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. ശബരിമല കൂടാതെ മുരാരി ബാബു ജോലി ചെയ്ത മറ്റു ക്ഷേത്രങ്ങളിലെ ഇടപാടുകളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കും. മുരാരി ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന വിലയിരുത്തലിന് പിന്നാലെയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുന്നത്. ക്രമക്കേടുകളിലൂടെ നേടിയെടുത്ത പണം മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ എന്നും വിജിലന്‍സ് സംശയിക്കുന്നുണ്ട്.
പെരുന്നയില്‍ രണ്ട് കോടി രൂപ ചിലവാക്കി മുരാരി ബാബു നിർമ്മിച്ച വീടിന്റെ രേഖകള്‍ നേരത്തെ വിജിലന്‍സ് പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തില്‍ സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള മറ്റ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും വിജിലന്‍സ് ശേഖരിക്കുമെന്നാണ് സൂചന.




