ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ആളാണ് എം വി ഗോവിന്ദൻ; ആരോപണം ഉന്നയിക്കാൻ നാണമുണ്ടോ? വി ഡി സതീശൻ

ജമാഅത്തെ ഇസ്‌ലാമിയുടെ യുഡിഎഫ് പിന്തുണയെ വിമര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ആളാണ് എം വി ഗോവിന്ദനെന്നും, ഇപ്പോള്‍ ആരോപണം ഉന്നയിക്കാന്‍ ഗോവിന്ദന് നാണമുണ്ടോയെന്നും സതീശന്‍ ചോദിച്ചു. നാല് പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമി സിപിഐഎമ്മിനോടൊപ്പമായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സതീശന്റെ പ്രതികരണം.
താന്‍ മത്സരിച്ച 5 തിരഞ്ഞെടുപ്പുകളിലും തനിക്കെതിരെ നിലകൊണ്ടവരാണ് ജമാഅത്തെ ഇസ്‌ലാമി. അന്നായിരുന്നു അവര്‍ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ഇപ്പോള്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് അവരുടെ അമീര്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിക്ക് അമീറിനേക്കാള്‍ വലിയൊരാളില്ല. അദ്ദേഹമാണ് ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് പറയുന്നത്. സിപിഐഎമ്മിന്റെ കൂടെയുള്ളപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രവാദം ഉണ്ടായിരുന്നു. പിണറായി വിജയന്‍ അവരെ ന്യായീകരിക്കുന്ന വീഡിയോ ക്ലിപ്പ് തന്റെ കൈവശം ഉണ്ട്. ദേശാഭിമാനിയുടെ എഡിറ്റോറിയലുണ്ട്. അവരുടെ കൂടെയുള്ളപ്പോള്‍ മതേതരം, യുഡിഎഫിനോടൊപ്പം വന്നാല്‍ വര്‍ഗീയം. പരസ്പര വിരുദ്ധമായി സംസാരിക്കരുത്. പിണറായി വിജയന് ഒരു അബദ്ധം പറ്റിയതയാണ്. ജമാഅത്തെ ഇസ് ലാമിയുമായി ഒരു ബന്ധവുമില്ലെന്ന് പിണറായി പറഞ്ഞിരുന്നു. അന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ അമീറിനൊപ്പം പിണറായി വിജയന്‍ ഇരിക്കുന്ന വീഡിയോ താന്‍ പുറത്തുവിട്ടിരുന്നു. പിറ്റേദിവസം മലപ്പുറത്ത് വെച്ച് പിണറായി അത് സമ്മതിച്ചതാണെന്നും സതീശന്‍ പറഞ്ഞു.
ഒന്നും പറയാനില്ലാത്തതുകൊണ്ട് ആടിനെ പേപ്പട്ടി ആക്കുന്ന പ്രചാരണവുമായി സിപിഐഎം ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ഈ പ്രചാരണം നടത്തിയിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയെയും, ന്യൂനപക്ഷ വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കില്ല എന്ന ശക്തമായ നിലപാടാണ് തങ്ങള്‍ സ്വീകരിക്കുന്നത്. ആര് വര്‍ഗീയത പറഞ്ഞാലും തങ്ങള്‍ അതിനെതിരായ നിലപാട് സ്വീകരിക്കും. ഒരു വീട്ടുവീഴ്ച്ചയും ഉണ്ടാകില്ല. അതിനുള്ള നട്ടെല്ല് തങ്ങള്‍ക്കുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.




