നവവരൻ വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; ഞെട്ടിക്കുന്ന കൊലപതാകം ….

നവവരൻ വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാമുകനൊപ്പം ജീവിക്കാൻ ഭാര്യയും സംഘവും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. മേഘാലയയിലെ ‘ഹണിമൂൺ കൊലപാതക’ കേസിന് സമാനമാണ് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലുണ്ടായ ഈ സംഭവം. ജനുവരി 30-ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. നവദമ്പതികളായ ആശിഷും, അഞ്ചുവും രാത്രി ഭക്ഷണത്തിന് ശേഷം നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം ഇടിച്ചതാണെന്നാണ് പോലീസ് ആദ്യം കരുതിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആശിഷ് (27) മരിച്ചു. അജ്ഞാതർ തന്‍റെ ആഭരണങ്ങൾ കവർന്നെന്നും വാഹനം ഇടിച്ചതിനെത്തുടർന്ന് താൻ ബോധരഹിതയായെന്നുമാണ് 23-കാരിയായ അഞ്ചു പോലീസിനോട് പറഞ്ഞത്.
എന്നാൽ അഞ്ചുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. വാഹനമിടിച്ചുള്ള പരിക്കുകൾക്ക് പുറമെ ആശിഷിന്റെ കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകൾ കണ്ടെത്തി. അഞ്ചുവിനാകട്ടെ പരിക്കുകളൊന്നും ഏറ്റിരുന്നില്ല.അഞ്ചു അയൽവാസിയായ സഞ്ചു എന്ന യുവാവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ പോലീസ് കണ്ടെത്തി.
മൂന്ന് മാസം മുൻപായിരുന്നു ആശിഷിന്റെയും, അഞ്ചുവിന്റെയും വിവാഹം. അഞ്ചു കാമുകനായ സഞ്ചുവുമായി ചേർന്ന് ഭർത്താവിനെ വകവരുത്താൻ പദ്ധതിയ തയ്യാറാക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം രാത്രി അഞ്ചു ആശിഷിന് മദ്യം നൽകിയ ശേഷമാണ് നടക്കാൻ ഇറങ്ങിയത്. നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം സഞ്ചുവും കൂട്ടുകാരും ആളൊഴിഞ്ഞ റോഡിൽ കാത്തുനിന്നു. ആശിഷിന്‍റെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം വാഹനാപകടമെന്ന് വരുത്താൻ കാറിടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കവർച്ചക്കിടെയാണ് സംഭവമെന്ന് വരുത്താൻ സ്വന്തം ഫോണും ആഭരണങ്ങളും അഞ്ചു പ്രതികൾക്ക് കൈമാറി. തുടർന്ന് റോഡിൽ കിടന്ന് ബോധരഹിതയായി അഭിനയിച്ചു. അഞ്ചുവിനെയും ,സഞ്ചുവിനെയും ,കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.




