ഇന്നും നാളെയും അതിനിർണ്ണായക  ദിനങ്ങൾ;  കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ തിരുവനന്തപുരത്ത്

സ്ഥാനാർഥി നിർണയത്തിനുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നും നാളെയും തിരുവനന്തപുരത്ത് പാർട്ടി നേതാക്കളെ കാണും. സിറ്റിങ്ങ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിൽ ഉൾപ്പെടെ അഭിപ്രായം തേടും. സ്ഥാനാർഥി നിർണയത്തിന്  പാനൽ നൽകാൻ ഡിസിസി പ്രസിഡന്‍റുമാരോട് സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച ഇന്നും തുടരും. രണ്ടു വട്ടം ചർച്ച നടത്തിയെങ്കിലും സീറ്റ് വച്ചു മാറലിൽ ഇതുവരെ തീരുമാനമായിട്ടില്ല.

കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ ഘടക കക്ഷികളുടെ അവകാശവാദത്തിന് ഇതുവരെ അനുകൂലമായി പാർട്ടി പ്രതികരിച്ചിട്ടില്ല. നാല് സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിന് പി ജെ ജോസഫ് വിഭാഗം വഴങ്ങിയിട്ടുമില്ല. ഇതിനിടെ ചർച്ചകൾക്കായി പി വി അൻവർ ഇന്നലെ പ്രതിപക്ഷ നേതാവിന്‍റെ വസതിയിൽ എത്തിയിരുന്നു. ബേപ്പൂരിലെ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും മറ്റ് ജില്ലകളിൽ യുഡിഎഫിന് ജയിക്കാൻ കഴിയാതിരുന്ന സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു. എന്നാൽ സീറ്റ് വിഭജനത്തിൽ പിടിവാശിയില്ല. തീരുമാനം യുഡിഎഫിന് വിടുന്നു. നിരുപാധിക പിന്തുണയാണ് നൽകിയിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു.

Related Articles

Back to top button