ഗുരുവായൂരിൽ ദർശനം ഇനി കൂടുതൽ സുഗമമാകും; ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നു

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം കൂടുതൽ സുഗമമാക്കുന്നതിനായി ഫെയ്‌സ് ആപ്പ് (Face App) സംവിധാനം നടപ്പാക്കാൻ തീരുമാനം. ഫെയ്‌സ് ആപ്പ് സംവിധാനത്തിന് മുന്നിൽ നിന്നാൽ ഭക്തർക്ക് ടോക്കൺ ലഭ്യമാകും. ദർശന സമയം ടോക്കണിലുണ്ടാകും. ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിലായി പന്ത്രണ്ട് കേന്ദ്രങ്ങളിൽ ഫെയ്‌സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും.

ദർശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാർട്ട്മെൻ്റുകളിൽ ഭക്തർക്ക് വിശ്രമിക്കാം. ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്‌മെന്റുകളിൽ തെളിയും. ഈ സമയമാകുന്ന മുറയ്ക്ക് ടോക്കൺ നമ്പർ അനുസരിച്ച് കമ്പാർട്ട്‌മെന്റുകളിൽ നിന്നും ദർശനത്തിനുള്ള ക്യൂവിലേക്ക് ഭക്തർ പോയാൽ മതിയാകും. എത്ര പേർ ക്ഷേത്രം സന്ദർശിച്ചുവെന്നതും ആളെ തിരിച്ചറിയാനും ഈ സംവിധാനത്തിലൂടെ കഴിയും.

അതേസമയം, ഭക്തർ കാത്തിരിക്കുന്ന സ്ഥലങ്ങളിൽ സൗണ്ട് ബോക്‌സുകൾ സ്ഥാപിച്ച് ശബ്ദം കുറച്ച് ഭക്തിഗാനങ്ങൾ പ്രക്ഷേപണം ചെയ്ത് ഭക്തിപൂർണമായ അന്തരീക്ഷം സൃഷ്ടിക്കും. കാത്തിരിപ്പ് പ്രദേശങ്ങളിൽ ഗുരുവായൂരപ്പന്റെ ചരിത്രം, ഭക്തരുടെ അനുഭവങ്ങൾ ഉൾപ്പെടുന്ന ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും.

കൂടാതെ, ഭക്തർക്കായി ബാത്ത്‌റൂം സൗകര്യം, മെഡിക്കൽ സഹായം, സ്‌നാക്‌സ് കഴിക്കാനുള്ള സൗകര്യം, വാഷ്‌ബേസ്, പൂജകളും വഴിപാടുകളും ബുക്ക് ചെയ്യാൻ ടച്ച് സ്‌ക്രീൻ സംവിധാനം എന്നിവയും ഒരുക്കും. വിർച്വൽ റിയാലിറ്റി ഉപയോഗിച്ചുള്ള ഡോം തിയേറ്റർ ഒരുക്കാനും പദ്ധതിയുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റർ ഒ വി അരുൺ കുമാർ അറിയിച്ചു.

ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനുള്ള തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിതെന്നും ഫെയ്‌സ് ആപ്പ് സംവിധാനം ഉടൻ നടപ്പാക്കുമെന്നും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു. ഫെയ്സ് ആപ്പ് സംവിധാനം നടപ്പാക്കാനായി താല്പര്യപത്രം ക്ഷണിച്ചു. കമ്പനികളോട് തങ്ങളുടെ ആവശ്യം പറയും, മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന കമ്പനികളെ പദ്ധതി നടത്തിപ്പ് ക്ഷേത്രഭരണ സമിതി ഏല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ വിപുലമായ ക്യൂ കോംപ്ലക്‌സ് സംവിധാനം വരുന്നത് വരെയാണ് ഫെയ്‌സ് ആപ്പ് സംവിധാനം നിലനിൽക്കുക.

Related Articles

Back to top button