മാവേലിക്കര നഗരസഭ: ലളിത രവീന്ദ്രനാഥ് ചെയർപേഴ്‌സൺ
മാവേലിക്കര: നഗരസഭ ചെയർപേഴ്സണായി ലളിത രവീന്ദ്രനാഥും വൈസ് ചെയർമാനായി കെ.ഗോപനും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ 10.30 ഓടെയാണ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചത്. 28ൽ 15 വോട്ടുകളോടെയാണ് യു.ഡി.എഫ് അംഗം ലളിത രവീന്ദ്രനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി സ്ഥാനാർത്ഥി ഉമയമ്മ വിജയകുമാറിന് 8 വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർത്ഥി അംബിക ശിവന് നാല് വോട്ടുകളുമാണ് ലഭിച്ചത്. 25 മിനിറ്റ് വൈകി വന്ന നഗരസഭയിലെ സ്വതന്ത്ര അംഗം സജിനി ജോണിന് മത്സരത്തിൽ പങ്കെടുക്കാനായില്ല. ആദ്യഘട്ടത്തിൽ ഹാളിനുള്ളിൽ പ്രവേശിച്ചെങ്കിലും യു.ഡി.എഫ് അംഗം സജീവ് പ്രായിക്കര വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ സജിനിയെ ഹാളിന് പുറത്താക്കുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ 28ൽ 16 വോട്ടുകളോടെയാണ് കെ.ഗോപൻ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥി എച്ച്.മേഘനാഥിന് 8 വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.സുരേഷ്‌കുമാറിന് 4 വോട്ടുകളും ലഭിച്ചു. സ്വതന്ത്ര അംഗം സജിനിയും കെ.ഗോപനാണ് വോട്ട് രേഖപ്പെടുത്തിയത്.




